Wednesday, February 13, 2008

ആകാമല്ലോ..

ആകാമല്ലോ..

ഇവിടെ ഞങ്ങളുടെ കോട്ടയത്ത്‌ ഒരു പറച്ചില്‍ ഉണ്ട്‌. അല്‍പം ആര്‍ഭാടമോ. അല്‍പം കൂടിയ എന്തെങ്കിലും പ്രവൃത്തിയോ ഒരാള്‍ ചെയ്തു എന്നു കേട്ടാല്‍ "ആകാമല്ലോ.."എന്നു പറയും. അതിന്റെ അര്‍ത്ഥം ആ പറച്ചിലില്‍ നിന്നേ വ്യക്തമാകൂ, നിങ്ങള്‍ക്ക്‌ അങ്ങനെയൊക്കെ ആകാമല്ലോ..പാവം ഞങ്ങള്‍ക്കിതൊന്നും പറ്റില്ല എന്ന അര്‍ത്ഥം വേണമെങ്കില്‍ കൊടുക്കാം!

ഒരു പ്രമുഖ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത്‌ നടക്കുന്നു,നടന്നു. ഈ സമ്മേളന്ത്താട്‌ കോട്ടയത്തെ സാധാരണക്കാരന്റെ പ്രതികരണം ഇങ്ങിനെയാണ്‌.."ആകാമല്ലോ.."!

എങ്ങനെ പറയാതിരിക്കും?ഇതു വായിക്കൂ,

കോട്ടയം നഗരത്തില്‍ ചരിത്രത്തിലാദ്യമായി ഉച്ചയ്ക്കു ശേഷം പബ്ലിക്‌ ടാപ്പുകളിലും ഓഫീസ്‌ വാട്ടര്‍ കണക്ഷനുകളിലും വെള്ളം ഒഴുകിയെത്തിയിരിക്കുന്നു. ഇത്‌ ഈ പ്രസ്ഥാനത്തിന്റെ കഴിവു തന്നെ..!ആകാമല്ലോ..

കെ.എസ്‌.ഇ.ബിയുടെ കണക്ഷനില്ലാതെ ഇലക്ട്രിക്‌ ലൈനില്‍ നിന്ന് നേരിട്ട്‌ അനധികൃത ഇലക്ട്രിസിറ്റി എടുക്കുവാന്‍ മറ്റേതു പ്രസ്ഥാനത്തിനു കഴിയും?അതും ആകാമല്ലോ..

മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ വഴില്യിലെല്ലാം ട്യൂബ്‌ ലൈറ്റുകള്‍ സ്ഥാപിച്ച്‌ വെളിച്ചം നല്‍കുവാന്‍ മറ്റേതു പ്രസ്ഥാനത്തിനു കഴിയും?ആകാമല്ലോ..!

കോട്ടയത്തെ നിയമപാലന സംവിധാനമാകെ തകരാറിലാക്കിക്കൊണ്ട്‌ എല്ലാ നിയമപാലകരെയും പ്രകടനങ്ങള്‍ കടന്നു പോകുന്ന വഴിയില്‍ പാറാവു നിര്‍ത്തുവാന്‍ മറ്റേതു പ്രസ്ഥാനത്തിനു കഴിയും?ആകാമല്ലോ..!

കോട്ടയം പട്ടണത്തിലേക്ക്‌ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് കളക്ടറുടെ ഉത്തരവ്‌!
ഒരു സംസ്ഥാന സമ്മേളനത്തിന്റെ പേരില്‍ കേരളത്തിലെ ഏതെങ്കിലും ടൗണിലേക്ക്‌ പൊതുജനത്തിന്റെ പ്രവേശനം ഔദ്യോഗികമായി ഉപരോധിക്കുവാന്‍ മറ്റേതെങ്കിലും പാര്‍ട്ടിക്ക്‌ കഴിയുമോ?
ആകാമല്ലോ..!

വഴി നീളെ കുടില്‍ മോഡലില്‍ കെട്ടിയുയര്‍ത്തിയ പ്രസ്ഥാനം ഇക്കാര്യത്തിനു ചിലവഴിച്ച തുക ഉപയോഗിച്ചിരുന്നു എങ്കില്‍ നാഗമ്പടം ചേരി പ്രദേശത്ത്‌ സ്വന്തമായി ഒരു കുടില്‍ പോലുമില്ലാതെ അന്തിയുറങ്ങുവാന്‍ കഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ നൂറുകണക്കിനു വിശ്വാസികള്‍ക്ക്‌ കൂരകള്‍ നിര്‍മ്മിച്ചു നല്‍കാമായിരുന്നു എന്നും ചില ദോഷൈകദൃക്കുകള്‍ പറയുന്നു..!
ആകാമല്ലോ..!

ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഒഴിവാക്കി, പരിസ്ഥിതി രക്ഷയ്ക്ക്‌ പ്ലാസ്റ്റിക്കിനെ ഒഴിവാക്കിയ പ്രസ്ഥാനം, തുണി ബോര്‍ഡുകള്‍ മാത്രം സ്ഥാപിച്ച്‌ അത്തരം കലാകാരന്മാര്‍ക്ക്‌ ഉണര്‍വ്വ്‌ നല്‍കിയ പ്രസ്ഥാനത്തിനു മേല്‍പറഞ്ഞ കാര്യങ്ങള്‍
ആകാമോ..ആവോ?

1 comment:

Unknown said...

ചിരിക്കുവാനാകില്ല എനിക്കു..
കരയുവാനാകില്ല എനിക്കു..
ഞാൻ ബന്ധനത്തിലാണു..
...ഹെയ്‌ വേണ്ട ഞാൻ പറയില്ല ഒന്നും... അവരെന്റെ ആത്മാവിനെ കൊന്നൊതും പറയില്ല.... ചുട്ടുതിന്നതും പറയില്ല....ഹഹഹ.