Monday, March 31, 2008

ചന്ദനമരത്തിന്റെ നിഴലുകളില്‍...

ചന്ദനഗ്രാമത്തില്‍ നിന്ന് പുറത്തുകടക്കുവാന്‍ കുറെ നേരം എടുത്തു. കഥാപാത്രങ്ങള്‍ പച്ച നിറം പൂണ്ട്‌ നമുടെ ചുറ്റും നടക്കുന്നതു പോലെ..തനി നാടന്‍ പച്ചപ്പുകള്‍ സിരകളില്‍ ഓടുന്നവര്‍ക്ക്‌ ഈ പുസ്തകം പ്രചോദനം തന്നെ. മൈനാ, താങ്കള്‍ ഈ കഥാപാത്രങ്ങളെ കണ്ടുമുട്ടിയത്‌ എവിടെയാണ്‌..?

ഗ്രാമീണജീവിതം പ്രകൃതിയോടുള്ള ഇണചേരലാണ്‌. മരങ്ങള്‍ നല്‍കുന്ന തണുപ്പിന്റെ സുഖം ഇവിടെ അനുഭവിക്കുന്നവര്‍, ഈ നോവലിലും അത്‌ അനുഭവിക്കും. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ മരങ്ങളെ സൂചിപ്പിക്കുന്ന കഥാകാരി, അവയെ ഭൂതകാലത്തിന്റെ തിരു ശേഷിപ്പുകളായും ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതി ഇതില്‍ പ്രധാന വേഷം കെട്ടുന്നു.

ചന്ദനഗ്രാമം ഒരു പ്രവാസ ജീവിതത്തിന്റെ ദുഖമാണ്‌..ഇതത്ര പുതിയ ഒരു വിഷയമേയല്ല. പ്രസാധകക്കുറിപ്പില്‍ സൂചിപ്പിച്ചതു പോലെ മലയാള സാഹിത്യത്തില്‍ എന്തെങ്കിലും എടുത്തു ചാട്ടം പ്രതിക്ഷിക്കാവുന്ന നോവല്‍ ആയിരിക്കില്ല ഇത്‌. എന്നാല്‍ പ്രകൃതിയുടെ നിറങ്ങള്‍ ചാലിക്കുന്നതില്‍ ചന്ദന ഗ്രാമം വിജയിച്ചിരിക്കുന്നു. വല്ലാത്ത ഒരു അഭിനിവേശത്തോടെ പ്രകൃതി നൃത്തം ചെയ്യുന്നു. പാഗനിസ്റ്റ്‌ കാഴ്ചപ്പാടുകള്‍ ഓര്‍മ്മ വരുത്തുന്നു.

ആ ഇടവഴികളിലൂടെയും, കരിമ്പിന്‍ പാടങ്ങളിലൂടെയും വായനക്കാരന്റെ കൈ പിടിച്ച്‌ ഒരു കൊച്ചു കുട്ടിയുടെ സന്തോഷ പ്രകടനത്തോടെ മുന്നില്‍ നടക്കുവാന്‍ കഥാകാരിക്കു കഴിഞ്ഞിരിക്കുന്നു.

നേരനുഭവങ്ങളുടെ വെളിച്ചത്തിലുള്ള അസംഭവ്യതകള്‍ നമുക്ക്‌ വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും ..എന്നാല്‍ നാട്ടിന്‍പുറത്തിന്റെ കാല്‍പനികത ഇതൊക്കെ സംഭവമാക്കുന്നു. ഒന്നിനോടും പ്രതികരിക്കുവാനാവാതെ ആവിഷക്രിക്കുവാനാവാത്ത ചില അമര്‍ഷങ്ങളുമായി അവയുടെ വിസ്ഫുരണത്തിന്റെ ഭ്രാന്തു പേറി നടക്കുന്ന ചിലരുണ്ട്‌. അങ്ങനെ ഒരാളാകുന്നു കാരമ്മ. നിഷ്കളങ്കതയുടെ മുഖത്തേക്ക്‌ അശ്ലീലം തുപ്പുന്ന കാരമ്മമാര്‍ നമുക്ക്‌ അപരിചിതമല്ല.

നാഗങ്ങളുടെ വിഷം നിധിയുടെ പ്രഭയില്‍ മാണിക്യമാവുമെന്ന് നമുക്കും വിശ്വസിക്കാം.അങ്ങനെ വിശ്വസിക്കുന്ന ഒരു സമൂഹം ഇന്നുമുണ്ട്‌ എന്നത്‌ നേരനുഭവം.മറയൂരിന്റെ ചിത്രങ്ങളില്‍ നാഗമാണിക്യം ഒരു അനുഭൂതി തരുന്നു

പ്രവാസ ജീവിതത്തിന്‌ വിധിക്കപ്പെട്ട റിയയെക്കാള്‍ ഗ്രാമീണ നിഷ്കളങ്കതയുടെ ആവേശത്തില്‍ നിസ്സാരമായി ജിവന്‍ വെടിഞ്ഞ സെന്തില്‍ നമ്മെ ആകര്‍ഷിക്കുന്നുണ്ട്‌..ആ ഹൃദയം നമ്മെ വേട്ടയാടുന്നു. നാറാണത്തു ഭ്രാന്തനെ അനുസ്മരിപ്പിക്കുന്ന രഘു നമ്മുടെ നെറുകയിലേക്ക്‌ കല്ലുകള്‍ ഉരുട്ടിക്കയറ്റുന്നു. ഇതെല്ലാം കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേള്‍ക്കാതെയും വളരുന്ന റിയ എപ്പോഴോ നാം തന്നെ ആകുന്നു.വിശ്വാസങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഉമ നമുക്ക്‌ നല്‍കുന്ന വ്യക്തമായ സന്ദേശം വിശ്വാസങ്ങളില്‍ തുടരുനിടത്തോളം നിങ്ങള്‍ അവയുടെ തടവുകാരാക്കപ്പെടുന്നു എന്നാണ്‌.രക്ഷപെടലുകളെ ഉള്ളില്‍ ആവേശപൂര്‍വ്വം പിന്തുണച്ച്‌ വിചാരങ്ങള്‍ നെയ്യാമെന്നല്ലാതെ എല്ലാ പെണ്ണുങ്ങള്‍ക്കും രക്ഷപെടലിന്റെ മാര്‍ഗ്ഗം സ്വീകരിക്കുവാനാവുകയില്ലെന്നും പലപ്പോഴും നോവല്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

കണ്മുന്നില്‍ ഒരു കാലഘട്ടം മറ്റൊരു കാലഘട്ടത്തിനു വഴിമാറുന്ന തലമുറയുടെ കഥയാണിത്‌. പ്രവാസജീവിതവും മാനസിക വ്യഥയും അതിന്റെ പ്രതീകങ്ങള്‍ മാത്രം.

പൂര്‍വ്വികര്‍ മറഞ്ഞിരിക്കുവാന്‍ കണ്ടുപിടിച്ച ഊരിന്‌ ഇതുപോലൊരു കഥ ഇതിനു മുന്‍പ്‌ ആരും ഉണ്ടാക്കിയിട്ടില്ല.വിവാഹദിവസം മാത്രം താടിയും മുടിയും വടിക്കുന്ന മറയൂര്‍ നിവാസികള്‍ക്കിടയില്‍ ഇത്ത്രം ഒരു കഥയുടെ വിത്തു മുളച്ച്‌ മരമായി വളര്‍ന്ന് ചന്ദനമരമായി നില്‍ക്കുന്നു.കുമ്മിട്ടാങ്കുഴിയിലെ പുലയന്റെ പ്രേതം ഈ ചന്ദനമരത്തിന്റെ നിഴലുകളില്‍ ഒരു ഗൃ ഹാതുരത്വവുമായി അലയുന്നുണ്ട്‌.
(മൈനാ ഉമൈബാന്‍ പ്രസിദ്ധീകരിച്ച ആദ്യനോവല്‍'ചന്ദന ഗ്രാമം' തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌.മറയൂരിന്റെ പശ്ചാതലത്തില്‍ ഇത്തരം ഒരു നോവല്‍ ആദ്യമാണ്‌ എന്ന് തോന്നുന്നു..)

2 comments:

കണ്ണൂരാന്‍ - KANNURAN said...

അധികം കണ്ടു പരിചയമില്ലാത്ത കുറെ പച്ചയായ മനുഷ്യര്‍. പുതുക്കക്കാരിയുടെതെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട നോവലാണ് ചന്ദനമരം. ഇതു പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തന്നെ മുന്നോട്ടു വന്നതും സ്വാഗതാര്‍ഹം.

Unknown said...

കഥ വായിക്കാനുള്ളാ താ‍ല്പര്യ ഉണ്ടാക്കുന്ന ഒന്നാണു അനിലിന്റെ നിരുപണം