Wednesday, July 23, 2008

ഒരു ജീവിത ചിത്രവും ഒറ്റ ചോദ്യവും!




മുകളില്‍ കാണുന്ന ചിത്രം വളരെ പ്രസക്തിയുള്ളതാണ്‌.
ഇതൊരു മാനസാന്തരത്തിനു വഴി തെളിച്ച ചിത്രമാകുന്നു.

ചിത്രം വ്യക്തമാണല്ലോ അല്ലേ?
നട്ടുച്ച വെയിലില്‍, പൊടിച്ചിട്ട കരിങ്കല്‍ കഷണങ്ങള്‍ക്ക്‌
മുകളില്‍ കുട ചൂടിക്കിടന്നുറങ്ങുകയാണ്‌ ആ സ്ത്രീ...!
അതീവ മൃദു മെത്തകളില്‍,
എയര്‍ കണ്ടീഷന്‍ഡ്‌ മുറിയില്‍,
തണുത്ത ലഹരി പാനീയം കഴിച്ച്‌,
സുഖലോലുപതയുടെ മടിത്തട്ടില്‍ കിടന്നിട്ട്‌ ഉറക്കം വരാത്തവരുടെ
സമൂഹത്തില്‍ ആണ്‌ ഈ സ്ത്രീ മെറ്റല്‍ക്കൂനയില്‍ വെയിലത്ത്‌ ഉറങ്ങുന്നത്‌!
ഈ സ്ത്രീയുടെ ഉറക്കം തീര്‍ച്ചയായും ക്യാമറയ്ക്കും
അതു കാണുന്നവര്‍ക്കും നല്ല ഒരു വിരുന്നു തന്നെ!

കോട്ടയത്ത്‌ തിരുനക്കര പഴയ പോലീസ്‌ സ്റ്റേഷന്‍ ഗ്രൗണ്ടാണ്‌ സംഭവസ്ഥലം.
അവിടെ കാര്‍ പാര്‍ക്ക്‌ ചെയ്ത്‌ ഏറ്റവും സുഭിക്ഷമായ ഒരു ഊ ണ്‌ കഴിച്ചിട്ട്‌
കാറില്‍ കയറുകയായിരുന്നു ഞാനും ഒരു സുഹൃത്തും കൂടി.
അപ്പോഴാണ്‌ ഈ സ്ത്രീയുടെ കിടപ്പ്‌ കാണുന്നത്‌.
അവര്‍ അപ്പോള്‍ കുട നിവര്‍ത്തിപ്പിടിച്ച്‌ കിടന്നതിനു
ശേഷം കിടപ്പ്‌ ഒന്നു ശരിയാക്കുകയായിരുന്നു.
ഉടനടി എന്റെ കാര്യബോധം ഉണര്‍ന്നു. ബ്ലോഗിനു പറ്റിയ ചിത്രം.
നല്ല അടിക്കുറിപ്പും കഥയും ചേര്‍ക്കാം,ഇതു ഹിറ്റായതു തന്നെ.
ഒരു സ്ത്രീയല്ലേ, ഒരു പാട്‌ പ്രാധാന്യമുള്ള ചിത്രമാകുമെന്നതില്‍ സംശയമില്ല.
ഞാന്‍ ക്യാമറയില്‍ ആ ചിത്രം പകര്‍ത്തി. ആ സ്ത്രീ അതൊന്നും അറിഞ്ഞതേയില്ല.
ആ ചിത്രം വളരെയധികം ആസ്വാദന ശേഷി ഉളവാക്കുന്നതായിരുന്നു.
ഞങ്ങള്‍ക്ക്‌ വളരെയധികം സന്തോഷം തോന്നി.ഇത്‌ സമൂഹത്തെ കാട്ടിക്കൊടുക്കണം,
എന്നിട്ട്‌ സാമൂഹിക സ്നേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കണം!

ഈ ചിത്രവും കൊണ്ട്‌,ഞങ്ങള്‍,
വൈകുന്നേരം എത്തിയ ഒരു സുഹൃത്തിനോട്‌,
വിവരങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചു.
അദ്ദേഹത്തിനും വളരെ സന്തോഷമായതായി ഭാവിച്ചു..
ഒടുവില്‍ ചിത്രത്തിന്റെ മനോഹാരിതയുടെ വര്‍ണ്ണന
മൂര്‍ധന്യതയില്‍ എത്തിയപ്പോള്‍ ആണ്‌ അദ്ദേഹം
ആ 'ഒറ്റച്ചോദ്യം' പുറപ്പെടുവിച്ചത്‌.

""അതേയ്‌, ഇതൊക്കെയാണെങ്കിലും ഈ ചിത്രം സമൂഹത്തിന്റെ കണ്ണ്‍ തുറപ്പിക്കും
എന്നൊക്കെയല്ലേ പറയുന്നത്‌? ഒന്നു ചോദിച്ചോട്ടെ?"...

"...................?"

"ഈ ചിത്രമെടുത്തതിനു ശേഷമെങ്കിലും താങ്കള്‍ ആ സ്ത്രീയുടെ അടുത്ത്‌ പോയി ,
എന്താണവര്‍ അവിടെ അങ്ങനെ കിടന്നുറങ്ങുവാന്‍ കാരണം എന്ന് ചോദിച്ചോ?" !!!

"............!"

ഒന്നും പറയുവാനുണ്ടായിരുന്നില്ല.
ആ സ്ത്രീയെ ഇനി കാണുവാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ...!

അതിനു മുന്‍പൊരു ദിവസം
മരണത്തെ മുഖാമുഖം കാണുന്ന ആരുടെയോ ചിത്രം
മോബെയില്‍ ഫോണില്‍ എടുത്തതിനെ വിമര്‍ശിച്ചത്‌
പെട്ടെന്ന് ഓര്‍മ്മ വന്നു.

പിന്നീട്‌ ഒരിക്കലും ആ ചിത്രം ഞാന്‍ മറന്നില്ല.
പിന്നീടെപ്പോഴും ചിത്രങ്ങളെടുക്കുന്നതിനു മുന്‍പേ
ഈ ചിത്രത്തിനു പിന്നിലെ ജീവിത ചിത്രം എന്റെ മനസ്സില്‍ മിന്നിമായും...!

....

5 comments:

അനില്‍ ഐക്കര said...

ഈ ചിത്രവും കൊണ്ട്‌ വൈകുന്നേരം എത്തിയ ഒരു സുഹൃത്തിനോട്‌,
ഈ വിവരങ്ങള്‍ ഞങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചു.
അദ്ദേഹത്തിനും വളരെ സന്തോഷമായതായി ഭാവിച്ചു..
ഒടുവില്‍ ചിത്രത്തിന്റെ മനോഹാരിതയുടെ വര്‍ണ്ണന
മൂര്‍ധന്യതയില്‍ എത്തിയപ്പോള്‍ ആണ്‌ അദ്ദേഹം
ആ 'ഒറ്റച്ചോദ്യം' പുറപ്പെടുവിച്ചത്‌.

ഹരിയണ്ണന്‍@Hariyannan said...

അനില്‍...

അവരുറങ്ങുകയാവില്ല!
പാപ്പരാസികള്‍ക്കുവേണ്ടി പോസുചെയ്യുകയാവും!

കഷ്ടം!!!

Sharu (Ansha Muneer) said...

സമ്പാദിച്ചു കൂട്ടിയ കണക്കില്ലാ പണത്തിന് ഉയര്‍ന്ന പലിശ കിട്ടുന്ന ബാങ്ക് ഏതാണെന്നോ, ആണവക്കരാര്‍ കൊണ്ട് ഭാരതത്തിന് എന്ത് പ്രയോജനമെന്നോ, പാഠപുസ്തകവിവാദം എന്താണെന്നോ ചിന്തിക്കാതെ അവരുറങ്ങുകയാകും. അവരുടെ ഉറക്കം ഒരുപക്ഷെ കെടുത്തുക, ആളിക്കത്തുന്ന വിശപ്പ് മാത്രമാകും. ചിന്തിപ്പിക്കുന്ന ചിത്രം

Sarija NS said...

എന്തിനൊ ഞാന്‍ കെവിന്‍ കാ‍ര്‍ട്ടറെ ഓര്‍ത്തു :(
അനിലിണ്ടെ ചിത്രം അത്രത്തോളം വ്യഥായുണ്ടാക്കിയില്ല. എന്നാലും...

Unknown said...

ഇതും ഒരു ജീവതമാണ്.പണ്ട് നാഗമ്പടം പാലത്തിനു കിഴിലെ പാളത്തിനരുകില്‍ ഇതിലും
ദയനീയമായ ചിത്രങ്ങള്‍ കാണാമായിരുന്നു.
എന്തായാലും നമ്മുടെ കോട്ടയത്തിന്റെ വ്യസ്തമായ മുഖങ്ങള്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കു
എന്നെ കൂടി
അക്കാദമിയില്‍ അംഗമാക്കണം.
anoopaweer@gmail.com