Friday, August 29, 2008

അനീതിയുടെ അഡ്‌മിഷന്‍ ഹിയറിംഗ്‌!

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ജന സൗഹൃദകോടതികള്‍ വേണമെന്ന അഡ്വ. കെ രാംകുമാറിന്റെ
ലേഖനമാണ്‌ ഈ കുറിപ്പിനാധാരം. (ഈ ലേഖനത്തില്‍ കോടതി പരിസരങ്ങളും ജൂനിയര്‍
അഭിഭാഷകരും ആണ്‌ നന്നാവേണ്ടത്‌ എന്ന് സൂചിപ്പിച്ചാണ്‌ അദ്ദേഹം എഴുതിയത്‌).
കോടതികളുടെ മനോഭാവത്തില്‍ നിന്നു വേണം ആദ്യം തുടങ്ങേണ്ടത്‌ എന്നു വ്യക്തമാണ്‌.
അത്‌ നിയമങ്ങള്‍ കൊണ്ട്‌ രൂപപ്പെടുത്താവുന്നതല്ല. മറിച്ച്‌ വ്യക്തമായ അന്തര്‍ദര്‍ശനമുള്ള
ന്യായാധിപന്മാരെ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ.നീതിപൂര്‍വ്വകമായ കാഴ്ചപ്പാടില്ലാത്തവരാണ്‌
പല ജഡ്ജിമാരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒരു ചെറിയ കോടതി കേന്ദ്രീകരിച്ച്‌ നടത്തിയ പഠനത്തില്‍ മനസ്സിലാക്കുവാന്‍ സാധിച്ച
കണക്കുകള്‍ അതിശയകരമാണ്‌. മുന്‍സിഫിന്റെ അറുപത്‌ ശതമാനം വിധികള്‍ അപ്പീലില്‍ റദ്ദാക്കപ്പെടുന്നു.
ബാക്കി വരുന്ന നാല്‍പതു ശതമാനം വിധികളില്‍ എണ്‍പത്‌ ശതമാനവും ഹൈക്കോടതിയില്‍ തിരുത്തപ്പെടുന്നു.
സുപ്രീം കോടതിയില്‍ ഇവിടെ ബാക്കിവരുന്ന വിധികളില്‍ ബഹു ഭൂരിപക്ഷവും തിരുത്തപ്പെടുന്നു.
അപ്പോള്‍ കീഴ്ക്കോടതിയെ സമീപിച്ചവരില്‍ എത്ര ശതമാനത്തിനു അവിടെ നിന്ന് നീതി ലഭിച്ചിട്ടുണ്ടാവണം?

ഫയലില്‍ സ്വീകരിക്കുവാനുള്ള വാദം നിര്‍ത്തലാക്കിയേ തീരൂ. അഡ്മിഷന്‍ ഹിയറിംഗിനെ കേസുകളുടെ
എണ്ണം കുറയ്ക്കുന്നതിനുള്ള ആയുധമായിട്ടാണ്‌ ഹൈക്കോടതി കാണുന്നത്‌. എതിര്‍കക്ഷി ഹാജരായി
കേസില്‍ ഒരു വിട്ടുവീഴ്ചാ മനോഭാവം കാട്ടാവുന്ന അവസ്ഥ ആലോചിക്കുവാന്‍ പോലും കോടതികള്‍
തയ്യാറാവുന്നില്ല. എതിര്‍കക്ഷിയെ യാതൊരു വിവരവും അറിയിക്കാതെ തള്ളുന്ന എത്രയോ അനീതികള്‍
ചൂണ്ടിക്കാട്ടുവാന്‍ സാധിക്കും? ഒരു പരാതിയും ഇല്ലാതെ ഒരു വ്യവഹാരിയും കോടതികളെ സമീപിക്കില്ലല്ലോ.
ഇപ്പോള്‍ അഡ്മിഷന്‍ എന്നത്‌ കേസ്‌ പരിഗണനയ്ക്ക്‌ എടുക്കുന്ന ജഡ്ജിയുടെ ഒരു ഔദാര്യം മാത്രമായിത്തീര്‍ന്നിരിയ്കുന്നു.
ഒരൊത്തു തീര്‍പ്പിനുള്ള സാധ്യത പോലും പരിഗണിയ്ക്കാതെയും പരിശോധിക്കാതെയും നിഷ്കരുണം തള്ളുന്ന കേസുകള്‍
ആര്‍ക്ക്‌ വേണ്ടിയാണ്‌ വിധിക്കുന്നത്‌? ഇതേ പോലെ തന്നെയാണ്‌ കേസ്‌ നടത്തുന്ന അഭിഭാഷകാടുള്ള
വിരോധം തീര്‍ക്കുന്നത്‌. ഒരു കേസില്‍ ഒരുതവണ അഭിഭാഷകന്‍ പ്രതിനിധീകരിക്കുവാന്‍ അബദ്ധവശാല്‍
വിട്ടു പോയി എന്നിരിക്കട്ടെ, വ്യവഹാരി അറിയാതെ ആ കേസില്‍ എതിരായി വിധി വരികയായി.
ഇത്‌ നീതി പൂര്‍വ്വകമാണോ?

നൂറു ശതമാനം വീഴ്ച മൂലമുള്ള വിധികളുമുണ്ടാവുന്നത്‌ കക്ഷിയുടെ വീഴ്ചയാവില്ല,
അഭിഭാഷകരുടെ വീഴ്ചയാവും. ഈ സന്ദര്‍ഭത്തില്‍ വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ്‌
വ്യവഹാരിക്ക്‌ നോട്ടീസ്‌ കൊടുത്ത്‌ അഭിഭാഷകനു സംഭവിച്ച വീഴ്ച അറിയിക്കേണ്ടതല്ലേ?
ഇങ്ങനെയൊരുനടപടിയില്ലാതെ വിധി വരുന്നതു കൊണ്ട്‌ ആരാണ്‌ യഥാര്‍ത്ഥത്തില്‍ സഹിക്കേണ്ടി വരുന്നത്‌?
ആത്യന്തികമായി പാവപ്പെട്ട വ്യവഹാരിയുടെ നട്ടെല്ലൊടിക്കുന്ന വിധികള്‍ ഇപ്പോഴും അവരുടെ കുറ്റം
കൊണ്ടല്ലാതെ വന്നു കൊണ്ടേയിരിക്കുന്നു.

കോടതികള്‍ക്ക്‌ തീര്‍പ്പുകളാണ്‌ വലുത്‌. ഏതു വിധത്തിലായാലും ഫയലുകളില്‍ കുറവു വരുത്തുക
എന്ന ലക്ഷ്യത്തില്‍ മാത്രം അവര്‍ പ്രവര്‍ത്തിക്കും. വാറന്റുകള്‍ പുറപ്പെടുവിക്കും. നോട്ടീസ്‌
പോലുമില്ലാതെ ജാമ്യബോണ്ടുകള്‍ റദ്ദാക്കും.

ഇതൊക്കെ മനോഭാവം മാറിയാലേ ശരിയാക്കുവാന്‍ സാധിക്കൂ. ഇതിനു പുറമേയാണ്‌ വനിതകള്‍ക്ക്‌
പോലുമുള്ള പ്രാഥമിക സൗകര്യങ്ങളില്ലാത്ത കോടതികളും പരിസരവും. രാംകുമാറിന്റെ ലേഖനത്തിലെ
ഇടത്തരക്കാരായ അഭിഭാഷകരെ അടച്ചാക്ഷേപിക്കുന്ന വരികള്‍ തീര്‍ത്തും അനുചിതമായിപ്പോയി.
ആദ്യം കോടതികളെ നന്നാക്കുവാന്‍ ശ്രമിക്കൂ, അപ്പോള്‍ അഭിഭാഷകരെ കുറ്റം പറയേണ്ടി വരില്ല.

(ഇത്‌ മാതൃഭൂമി 12-4-2008 ലെ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു).

2 comments:

അനില്‍ ഐക്കര said...

ഒരു ചെറിയ കോടതി കേന്ദ്രീകരിച്ച്‌ നടത്തിയ പഠനത്തില്‍ മനസ്സിലാക്കുവാന്‍ സാധിച്ച
കണക്കുകള്‍ അതിശയകരമാണ്‌. മുന്‍സിഫിന്റെ അറുപത്‌ ശതമാനം വിധികള്‍ അപ്പീലില്‍ റദ്ദാക്കപ്പെടുന്നു.
ബാക്കി വരുന്ന നാല്‍പതു ശതമാനം വിധികളില്‍ എണ്‍പത്‌ ശതമാനവും ഹൈക്കോടതിയില്‍ തിരുത്തപ്പെടുന്നു.
സുപ്രീം കോടതിയില്‍ ഇവിടെ ബാക്കിവരുന്ന വിധികളില്‍ ബഹു ഭൂരിപക്ഷവും തിരുത്തപ്പെടുന്നു.
അപ്പോള്‍ കീഴ്ക്കോടതിയെ സമീപിച്ചവരില്‍ എത്ര ശതമാനത്തിനു അവിടെ നിന്ന് നീതി ലഭിച്ചിട്ടുണ്ടാവണം?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സത്യം പറയുമ്പോഴും സൂക്ഷിക്കണം,കണ്‍ടംറ്റിന്‍റെ വാളിനെ. (ബൂലോകത്തേക്ക്‌ അതു ഇതു വരെ വന്നിട്ടില്ലെന്നു കരുതുന്നു)