Wednesday, September 28, 2011

ഈ 'ചാപ്പ കുത്തല്‍' അനിവാര്യം.

ഈ 'ചാപ്പ കുത്തല്‍' അനിവാര്യം.

ഇന്ത്യയുടെ ജന സംഖ്യുടെ നിരക്കനുസരിച്ച് നീതി പാലക സംവിധാനം ഓരോ വ്യക്തിയിലുമെത്തിക്കുക എന്നത് വളരെ പ്രയാസമേറിയ സംഗതിയാണ്. ആധാര്‍ പദ്ധതിയിലൂടെ നടപ്പാകുന്നത് ഓരോ പൌരനേയും സര്‍ക്കാര്‍ സംവിധാനത്തിന്റെ സംരക്ഷണത്തിനു കീഴില്‍ കൊണ്ട് വരിക എന്നത് മാത്രമാണ്. അതിനു മറിച്ചൊരു വീക്ഷണവും വ്യാഖ്യാനവും നല്‍കുന്നത്, മുന്‍പ് റെയില്‍ വെ പാളങ്ങള്‍ ആദ്യമായി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചപ്പോള്‍ അത് ഇന്ത്യാ മഹാരാജ്യത്തെ കെട്ടി വലിച്ചു കൊണ്ട് പോകുവാനാണ്‌ എന്ന് പറഞ്ഞത് പോലെയാണ്.!

ഇതേ പറ്റി താത്വികമായ അവലോകനങ്ങള്‍ നടത്തുവാന്‍ ഞാന്‍ ആളല്ല. എന്നാല്‍ നിരവധി കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളില്‍ തിരിച്ചറിയല്‍ കാര്‍ഡു സംവിധാനത്തിനു പ്രസക്തിയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനെ ചാപ്പകുത്തല്‍ എന്ന് വിളിക്കുന്നത്‌ മനസ്സിലാകുന്നുമില്ല. ഒരു കൂട്ടായ്മയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോഴല്ലേ അതൊരു മാനുഷിക കൂട്ടായ്മ ആവുകയുള്ളൂ .?ഒരാളുടെ രക്ത ഗ്രൂപ്പും, അവയവ ദാന സമ്മതവും ഒക്കെ ആധാരില്‍ രേഖപ്പെടുത്താവുന്നതാണല്ലോ. അവ ഉപയോഗിച്ച് എന്തെല്ലാം നന്മകള്‍ മാനവ രാശിയ്ക്ക് നല്‍കുവാന്‍ സാധിക്കുമെന്നു ഓര്‍ക്കണം .

തീവ്ര വാദ സംഘങ്ങളും ഗുണ്ടകളും തിരിച്ചറിയല്‍ ഭയം ഇല്ലാതെ വിലസുന്ന നമ്മുടെ നാട്ടില്‍, അവരെ അനായാസം തിരിച്ചറിയുവാന്‍ സഹായിക്കുന്ന ഒരു കാര്‍ഡുണ്ടാകുന്നതില്‍ എന്താണ് തെറ്റ്? . എല്ലാ കുറ്റകൃത്യങ്ങളും പെറ്റി കേസുകളും കൂടി അതില്‍ രേഖപ്പെടുത്തി വയ്ക്കുകയും വേണം. അങ്ങനെ ഗുണ്ടകള്‍ രാഷ്ട്രീയ തണലില്‍ വാഴുന്നത് തടയുകയും ആവാം.

റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഗ്യാസ് കാര്‍ഡ് , പാന്‍ കാര്‍ഡ് ,വാട്ടര്‍ കണക്ഷന്‍ കാര്‍ഡ് , ബാങ്ക് അക്കൌണ്ട് കാര്‍ഡ്, ജോബ്‌ ഐ ഡി കാര്‍ഡ് എന്നിങ്ങനെ നിരവധി കാര്‍ഡുകള്‍ കൊണ്ട് നടക്കുന്ന സ്ഥാനത്ത് ഒരേയൊരു 'ആധാര്‍ ' കാര്‍ഡ് കൊണ്ട് നടക്കുന്നതിന്റെ സുഖം ആലോചിക്കും തോറും വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ല. അതിനിടയ്ക്കാണ് ചിലര്‍ ഈ പദ്ധതിയ്ക്കും തുരങ്കം വയ്ക്കുകയും ന്യൂനപക്ഷ പീഡനം ആരോപിക്കുകയുമൊക്കെ ചെയ്യുന്നത്!

കൂടാതെ തിരിച്ചറിയാതെ പോകുന്ന എത്ര മരണങ്ങളും മൃതദേഹങ്ങളും നമുക്ക് ചുറ്റുമുണ്ട്. അവയുടെ കണ്മണി പരിശോധനയിലൂടെ ആളെ തിരിച്ചറിയുക എന്നത് എത്ര അനായാസം ചെയ്യാവുന്ന കാര്യമാണ്. ലഭ്യമാകുന്ന ഒരു വിരലടയാളത്തില്‍ നിന്ന് ഒരു കുറ്റവാളിയെ തിരിച്ചറിയുക എന്നത് അത്യന്തം വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ബാങ്ക് ലോണ്‍, കോടതി ജാമ്യം, ഇതര ഉറപ്പുകള്‍ എന്നിവയ്ക്ക് ആധാര്‍ കാര്‍ഡ് മതിയെന്ന് വരുമ്പോള്‍ എത്ര സുതാര്യമായിരിക്കും കാര്യങ്ങള്‍...ഓരോ രേഖകള്‍ക്കുമായി നിരവധി സര്‍ക്കാരാഫ്ഫീസുകള്‍ കയറി ഇറങ്ങുന്നവര്‍ക്ക് ഉണ്ടാകുന്ന രോമാഞ്ചം 'വേലിക്കകത്തിരുന്നു' വിളവു തിന്നുന്നവര്‍ക്ക് മനസ്സിലാവില്ല..!

അതിലുമേറെ ഇന്ത്യന്‍ പൌരന്മാര്‍ അല്ലാത്തവര്‍ എത്രയോ പേര്‍ ഇന്ത്യയില്‍ സ്വൈര്യ വിഹാരം നടത്തുന്നു എന്ന് ചിന്തിച്ചു നോക്കൂ. ഇന്ത്യയില്‍ വിദേശ പൌരന്‍ മാര്‍ക്ക് സ്ഥലം വാങ്ങി കൂട്ടുന്നതിനു തടസ്സമില്ല എന്ന അത്ഭുതകരമായ വസ്തുത 'ആധാര്‍' കൊണ്ട് വന്നു തടയാം. ടെലഫോണ്‍ കണക്ഷന്‍, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഒരു പൌരന്‍ ഒരേയൊരു രേഖ ഹാജരാക്കിയാല്‍ മതിയെന്നും ആ രേഖയില്‍ നിന്ന് അയാളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ലഭ്യമാണെന്നും വരുന്നത് എങ്ങനെ 'ചാപ്പ കുത്തല്‍' ആകും? വരുമാനവും, ആസ്തിയും, ചിലവാക്കുന്ന പണം ആസ്തിയില്‍ നിന്ന് തന്നെയെന്നും വരുമ്പോള്‍ കള്ള പണക്കാര്‍ കുടുങ്ങുമെന്നതാവുമോ ഇതിനെ എതിര്‍ക്കുവാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്?

ഒരു വിവാഹിതന്റെ സ്റ്റാറ്റസ് , അയാളുടെ ചികിത്സകളുടെ വിവരങ്ങള്‍, അയാളുടെ ചരിത്രം എന്നിവ ഒരു രേഖയില്‍ നിന്ന് ലഭിക്കുന്നതോടെ പ്രധാന സ്ഥാനങ്ങളില്‍ അത്തരം ആളുകള്‍ അര്‍ഹതയില്ലാതെ കയറി വരുന്നത് തടയുവാന്‍ കഴിയും എന്നതും 'ആധാര്‍' നമ്പറിന്റെ സവിശേഷതയാണ്. ഇതൊക്കെ മറന്നു എങ്ങിനെയാണ് അതിനെ എതിര്‍ക്കുന്നത് എന്ന് പറഞ്ഞു തരുവാന്‍ ആര്‍ക്കു കഴിയും? എത്രയും വേഗം എല്ലാ ഇന്ത്യന്‍ പൌരന്‍ മാരെയും ഇതിനു കീഴില്‍ കൊണ്ട് വന്നു ഒരു ആഗോള അംഗീകാരം ഈ നമ്പറുകള്‍ക്ക് നേടിയെടുക്കുക തന്നെ വേണം.അധികം വൈകാതെ ഇതേ മാതൃക ലോക രാജ്യങ്ങളില്‍ നടപ്പകുന്നതും പാസ്പോര്‍ട്ടുകള്‍ക്കും വിസകള്‍ക്കും കൂടി പകരമായി 'ആധാര്‍' നമ്പര്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് നമുക്ക് കാണാം. വ്യക്തികള്‍ എവിടെയും തിരിച്ച്ചരിയപ്പെടുന്നത് ഒരു പക്ഷെ കുറ്റകൃത്യങ്ങളെ തന്നെ ഇല്ലാതാക്കിയേക്കാം. കുറഞ്ഞ പക്ഷം തീവ്ര വാദ പ്രവര്‍ത്തനങ്ങളുടെ മുന ഒടിക്കുവാനെങ്കിലും ഈ പദ്ധതി കൊണ്ട് സാധിക്കും.


അമേരിക്കയിലെ പോലെ അംഗ സംഖ്യ കുറഞ്ഞ സ്ഥലത്ത് വേണ്ടത്ര അവധാനതയില്ലാതെ നടപ്പാക്കിയ സംവിധാനമല്ല ഇതെന്ന് മാത്രം തല്‍ക്കാലം നമ്മള്‍ തിരിച്ചറിയുക.

അറിയില്ലെങ്കില്‍ മിണ്ടാതിരിക്കുക, അറിയാന്‍ ശ്രമിക്കുക.

No comments: