Thursday, April 3, 2008

വടവാതൂര്‍ മാലിന്യ പ്രശ്നം

വടവാതൂര്‍ മാലിന്യ പ്രശ്നം

വടവാതൂര്‍ എന്ന സ്ഥലം നമുക്ക്‌ പരിചയമില്ലാത്തതാണെന്നു കരുതുക. ഇതു പറഞ്ഞു തരുവാന്‍ മറ്റൊന്നും വേണ്ട, കെ കെ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ എവിടെ അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടോ അവിടം വടവാതൂര്‍ ആയിരിക്കും.

വടവാതൂരില്‍ ഏകദേശം വരുന്ന പതിനായിരക്കണക്കിനു സാധാരണക്കാരായ ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്‌. എട്ടോളം മികച്ച സ്കൂളുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.എം ആര്‍ എഫ്‌ കമ്പനി, കോണ്‍ വെന്റുകള്‍, ഫ്ലാറ്റുകള്‍, മറ്റു സ്ഥാപനങ്ങള്‍ എല്ലാം ഇവിടെ സ്ഥിതി ചെയ്യുന്നു.കോട്ടയം പട്ടണത്തിന്റെ തന്നെ പ്രതിരൂപം എന്ന പോലെ ഈ വിജയപുരം പഞ്ചായത്തു പ്രദേശം വികസിച്ചു വരികയാണ്‌.

ഈ വടവാതൂരിനാണ്‌ കോട്ടയം പട്ടണത്തിന്റെ വിഴുപ്പുഭാണ്ഡം പേറുവാനുള്ള വിധി. ഇവിടെ യാതൊരു വിധ നിയമപരമായ സംരകഷണങ്ങളും കൂടാതെ കോട്ടയം മുനിസിപ്പാലിറ്റിയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന ശാല പ്രവര്‍ത്തിക്കുന്നു.അല്ല, പ്രവര്‍ത്തിക്കാതിരിക്കുന്നു.!

ഈ മാലിന്യ സംസ്കരണകേന്ദ്രം കാണുവാന്‍ പോവുകയും അവിടുത്തെ ആള്‍ക്കാരെ അടുത്തു പരിചയപ്പെടുവാന്‍ കഴിയുകയും ചെയ്തപ്പോഴാണ്‌ ഈ മാലിന്യ ഭീകരത എന്തെന്ന് ഹ്യൂമന്‍ റൈറ്റ്‌ സ്‌ ലോ നെറ്റ്‌ വര്‍ക്കിന്റെയും മന്ദാരത്തിന്റെയും പ്രവര്‍ത്തകര്‍ക്ക്‌ മനസ്സിലാകുന്നത്‌.

മുന്‍പ്‌ ഈ പ്രദേശം ടൗണിനെ അപേക്ഷിച്ച്‌ വിജനമായിരുന്നിരിക്കണം. എന്നാല്‍ ഇന്ന് ഇവിടെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്നുണ്ട്‌.ഇതിനു നടുവില്‍ പൊളിഞ്ഞുപോയ കല്‍ചുവരുകള്‍ക്കുള്ളില്‍ ദിനം പ്രതി മുപ്പതിനും മുപ്പത്തഞ്ചിനുമിടയില്‍ ടണ്‍ മാലിന്യങ്ങളാണ്‌ വേര്‍തിരിക്കാതെ കൊണ്ടു വന്ന് തള്ളുന്നത്‌. ഏകദേശം അഞ്ച്‌ ഏക്കറോളം വിസ്തീര്‍ണ്ണമുള്ള ഈ മാലിന്യ മേഖലയ്ക്ക്‌ ചുറ്റും ജനങ്ങള്‍ പാര്‍ക്കുന്നു എന്നത്‌ അത്ഭുതകരമായ സത്യമാണ്‌.

അതികഠിനമായ ദുര്‍ഗന്ധം ഇവിടെ എന്നും നില നില്‍ക്കുന്നു. അത്‌ വര്‍ണ്ണിക്കുവാന്‍ പ്രയാസമാണ്‌. മാലിന്യങ്ങള്‍ അഴുകി ഊറുന്ന ചീഞ്ഞ വെള്ളം വഴിയിലേക്കും മറ്റു പുരയിടങ്ങളിലേക്കും ഒഴുകിയിറങ്ങുന്ന കാഴ്ച വേദനജനകമാണ്‌. മഴ പെയ്യുകയാണെങ്കില്‍ പറയുകയും വേണ്ട, മുട്ടിനൊപ്പം മലിനജലത്തില്‍ നീന്തിയുള്ള യാത്ര കഴിഞ്ഞു വേണം ഇവര്‍ക്കൊക്കെ എവിടെയും പോകുവാന്‍.

സമീപപ്രദേശത്തുള്ള ഇരുപത്തഞ്ചോളം കിണറുകളിലെ ജലം പൊള്ളുഷന്‍ കണ്‍ ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധിച്ചപ്പോള്‍ എല്ലാ കിണറ്റു വെള്ളത്തിലും കോളിഫോം ബാക്റ്റീരിയകളുടെ അളവ്‌ ഗണ്യമായി ഉയര്‍ന്നതായിരുന്നു. നൂറു മില്ലി ലിറ്റര്‍ ജലമാണ്‌ സാമ്പിളായി എടുക്കുക. കോളിഫോം ഉള്ള ജലം അതു പത്ത്‌ എണ്ണത്തില്‍ കുറവെങ്കില്‍ ദൂഷ്യമില്ല എന്നു പറഞ്ഞു വാദിക്കാം. എന്നാല്‍ ഇവിടെ മലിനജലത്തിന്റെ ഉള്ളില്‍ കാണുന്നത്ര കോളിഫോം ബാക്ടീരിയകള്‍ വരെ കണ്ട സാമ്പിളുകള്‍ ഉണ്ടത്രെ.3000 ത്തില്‍ അധികം കോളിഫോം ബാക്ടീരിയകള്‍ ഉണ്ടെങ്കില്‍ അത്തരം വെള്ളം മലിനജലമാണ്‌.

യാതൊരു വിധ മാലിന്യവും കത്തിക്കരുത്‌ എന്ന് കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഉള്ളിടത്താണ്‌ ഇവിടെ ടണ്‍ കണക്കിനു മാലിന്യം ദിനം തോറും ദുര്‍ഗന്ധം വമിക്കുന്ന പുകയായി അന്തരീക്ഷത്തിലേക്ക്‌ പറക്കുന്നത്‌.ഈ പുക കെടുത്തുവാനുള്ള യാതൊരു സംവിധാനവും അധികാരികള്‍ക്കില്ല. ഈ പുക ശ്വസിച്ച്‌ അടുത്തുള്ള സി എം എസ്‌ എല്‍ പി സ്കൂള്‍ താന്നിക്കപ്പടിയില്‍ നൂറോളം കുട്ടികളില്‍ ചര്‍ദ്ദിയും മറ്റ്‌ അസ്വസ്ഥതകളും അടുത്തകാലത്ത്‌ കണ്ടത്‌ വാര്‍ത്തയായിരുന്നു.

ഇവിടെ പഞ്ചഭൂതങ്ങള്‍ എല്ലാം മലിനമാണ്‌. ഈ പുക ശ്വസിച്ച്‌ ചുമച്ചും വലിച്ചും ജീവിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളെയെങ്കിലും നമുക്ക്‌ ഓര്‍ക്കണ്ടേ?സ്കൂളുകളില്‍ പല ദിവസങ്ങളീലും ക്ലാസുകള്‍ നടന്നില്ല. കുട്ടികള്‍ പല ദിവസങ്ങളീലും ചുമയും പനിയും ബാധിച്ച്‌ ചികിത്സയിലാണ്‌.ഉയര്‍ന്ന പ്രദേശമായതു കൊണ്ട്‌ മലിനജലം താഴേക്ക്‌ ഒഴുകി വരുന്നു. ഇതു വന്നു വീഴുന്നതാവട്ടെ മീനച്ചിലാറ്റിലും. ഇവിടെ നിന്നുമാണ്‌ വടവാതൂര്‍ ഗ്രാമപഞ്ചായത്തിന്റെ ശുദ്ധജല വിതരണം നടത്തുന്നത്‌!വടവാതൂര്‍ മില്‍മ പ്ലാന്റ്ലെ ജലവും മലിനം തന്നെ. ഇവിടുന്ന് എവിടെല്ലാമാണ്‌ പാല്‍ വിതരണം നടക്കുന്നത്‌..

ഇവിടെ അന്‍പതു വയസ്സിനു മുകളില്‍ ആസ്ത്മ ബാധിക്കാത്ത ഒരാള്‍ പോലുമില്ലത്രെ.ശ്വസന സംബന്ധമായ തകരാറുകളോടെയാണ്‌ കുട്ടികള്‍ പിറന്നു വീഴുന്നത്‌. കാലില്‍ ചൊറിഞ്ഞ്‌ തടിച്ച്‌ വ്രണങ്ങള്‍ ഉണ്ടാകുന്നത്‌ ഈ പ്രദേശത്ത്‌ സര്‍വ്വ സാധാരണമാണ്‌. കണ്ണ്‍ ചൊറിഞ്ഞു,ചുവന്നു തടിയ്ക്കുക,തുമ്മല്‍ മാറാതെ വരിക, ശ്വാസം മുട്ടല്‍ സ്ഥിരമായി വരിക, എന്നിങ്ങനെ അസുഖങ്ങളൂമായി നാട്ടുകാര്‍ പൊരുത്തപ്പെട്ടു കഴിയുന്നു.

ഐക്കര വീട്ടിലെ രാജ്‌ കുമാറിന്റെ ഭാര്യ ജയലക്ഷ്മി എന്ന സ്ത്രീ അസുഖങ്ങളുടെ ചികിത്സാ വിധികള്‍ എടുത്തു കാണിച്ചു. തന്റെ ഭര്‍ത്താവ്‌ എന്നും ആസ്ത്മ ചികില്‍സ നടത്തുന്നു എന്നും അവര്‍ പറഞ്ഞു.പുതുശേരിയില്‍ ജോസ്‌ എന്നയാള്‍ സ്തിര്‍മായി മാലിന്യപ്പുക മൂലം ആശുപത്രിയിലാണ്‌. താന്നിക്കക്കുന്നേല്‍ പീതാംബരാന്റെ കൊചു മകന്‍ എന്നും ശ്വാസം മുട്ടല്‍ ബാധിച്ച്‌ ആശുപത്രിയിലാണ്‌.പുകയില്‍ നിന്നും മാറിത്താമസിക്കുവാനുള്ള സാമ്പത്തിക സ്ഥിതിയിലുള്ളവരല്ല ഇവരൊന്നും. താന്നിക്കകുന്നേല്‍ സുമതി എന്ന സ്ത്രീ ശ്വാസം മുട്ടല്‍ മൂലം സംസാരിക്കാനാവതെ ഇരിക്കുന്നത്‌ കണ്ടു. പുക വരുമ്പോള്‍ മാത്രമാണ്‌ അവര്‍ക്ക്‌ ഈ അസുഖം വരുന്നത്‌ എന്ന് പറഞ്ഞു തീര്‍ത്തത്‌ അതീവ ദയനീയമായിട്ടായിരുന്നു.

ഡോ.രാഘവന്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധിച്ച മുഴുവന്‍ കുട്ടികളിലും ശ്വാസ സംബന്ധമായ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടെന്നും ആയത്‌ മലിനവായു ശ്വസിക്കുന്നതു കൊണ്ടാണ്‌ എന്നും കണെത്തിയിരുന്നുവത്രെ.

അതിലുമേറെ രസകരം ഇവിടുത്തെ വളം നിര്‍മ്മാണമാണ്‌. ഒരു ടണ്‍ വേസ്റ്റ്‌ കൊണ്ട്‌ ഇടുമ്പോള്‍ റാംകി ഗ്രൂപ്‌ വളം നിര്‍മ്മാണക്കമ്പനിയ്ക്ക്‌ മുനിസിപ്പാലിറ്റി 950 രൂ അങ്ങോട്ട്‌ കൊടുക്കണം.എന്നാല്‍ ഇവിടെ ഒരു ടണ്‍ മാലിന്യം പോലും ദിവസം വളമായി മാറുന്നില്ല,വളക്കച്ചവടത്തിനു പഞ്ചായത്തിന്റെ അനുമതിയില്ലാത്തതിനാലാവട്ടെ വളം എന്ന ദുര്‍ഗന്ധ പൂരിത മാലിന്യവും ഇവിടെത്തന്നെ കൂടിക്കിടക്കുകയാണ്‌.

അശാസ്ത്രീയവും നിയമവിരുദ്ധവുമായിട്ടാണ്‌ ഈ വേസ്റ്റ്‌ ഡമ്പിംഗ്‌ സ്റ്റേഷന്‍ ഇവിടെ നിലനില്‍ക്കുന്നത്‌. അസുഖങ്ങളും അസൗകര്യങ്ങളൂം പേറി ഇവിടെ നിലകൊള്ളുന്ന മാലിന്യസംസ്കരണകേന്ദ്രം ഇവിടെ തുടരേണ്ടതുണ്ടോ? അതു മറ്റ്‌ എവിടേയ്ക്ക്‌ നീക്കും? എന്താണൊരു പരിഹാരം?ഇതില്‍ നിയമപരമായി എന്തൊക്കെ ചട്ടങ്ങള്‍ പാലിയ്ക്കുന്നുണ്ട്‌? എന്തെങ്കിലും നിയമപരിഹാരം ഉണ്ടോ?

5 comments:

Unknown said...

അനിലെ അക്ഷരനഗരിയെന്ന പേരുമത്രമെയുള്ളു കോട്ടയത്തിനു.നഗരം എന്നും നാറ്റത്തിന്റെ പാതയിലാണു

Blog Academy said...

തീര്‍ച്ചയായും... താങ്കള്‍ക്ക് ബ്ലോഗിലൂടെ പലതും ചെയ്യാനാകും. ആശംസകള്‍ :)

Manarcadan said...

ന്റെ അനിലെ, താങ്കള് പറഞ്ഞതു തികച്ചും ശെരിയാണ്. പലപ്പോഴും വടവാതൂര് കുരിശു ആകുമ്പോള് മൂക്ക് പോത്താതെ പോരാന് പറ്റാറില്ല. പാവം വടവതൂര്കാര്, നഗരത്തിന്റെ വിഴുപ്പ് ചുമക്കാന് വിധിക്കപ്പെട്ടവര്. എന്നുംകൊണ്ട് ഇതു മണര്കാട്ടെയ്ക്ക് മാറ്റാന് നോക്കേണ്ട. (ശരാശരി മലയാളിയുടെ പൊതു സ്വഭാവം)

മണര്കാടന്

Unknown said...

അനില്‍ , ഇത്തരം ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ബ്ലോഗ് ഒരു നല്ല മാധ്യമമാകേണ്ടതായിരുന്നു . നോക്കാം .. ബ്ലോഗിലേക്ക് ഇനിയും കൂടുതല്‍ ആളുകള്‍ കടന്നു വരുമ്പോള്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതില്‍ ബ്ലോഗുകള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞേക്കും .....

അനില്‍ശ്രീ... said...

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കോട്ടയത്തിന്റെ ഒരോ സ്പന്ദനങ്ങളൂം അറിഞ്ഞിരുന്ന, അല്ലെങ്കില്‍ ഇപ്പോഴും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍, ഇതിനു ഒരു കമന്റ് പോലും ഇടാതെ പോകാന്‍ തോന്നുന്നില്ല. അതാണ് കഴിഞ്ഞ ദിവസം വായിച്ച് പോയതിനു ശേഷവും ഇന്ന് തിരികെ എത്തിയത്.

വിജയപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ കോട്ടയം മുനിസിപ്പാലിറ്റി നടത്തുന്ന ഈ അക്രമം പഞ്ചായത്തധികൃതര്‍ എന്തിനാണ് അംഗീകരിച്ച് കൊടുക്കുന്നത് എന്ന് മനസ്സിലായില്ല. അവര്‍ക്കും എതിര്‍പ്പൊന്നുമില്ലേ? എവിടെയാണെങ്കിലും ഈ ചവറുകള്‍ ഒരു പ്രശ്നം തന്നെയാണ്. സംസ്കരിച്ച് കളഞ്ഞാല്‍ പ്രശനം തീരേണ്ടതാണ്. പക്ഷേ ലോറികളില്‍ കൊണ്ടു വന്ന് തള്ളൂന്നവരോട് അവ സംസ്കരിക്കണമെന്നു പറയാന്‍ അധികാരികള്‍ക്ക് സമയമില്ലല്ലോ. ഇതിന്റെ ആഘാതം അനുഭവിക്കുന്നത് പാവം നാട്ടുകാര്‍ ആണല്ലോ..