Monday, April 7, 2008

ഭക്ഷണത്തിന്റെ വില

ചെയ്യുന്നത്‌ വിളിച്ചു പറയുന്നത്‌ നല്ലതല്ല എന്നാണ്‌ വിശ്വസിക്കുന്നത്‌. എങ്കിലും ആകര്‍ഷണമുള്ളതായ ഒന്നു രണ്ട്‌ സംഭവങ്ങള്‍ എഴുതുന്നു.

1. എറണാകുളം ലോ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലം. മന്ദാരത്തിലെ ഹരിയും ഈയുള്ളവനും അതു പോലെ ദീപ, സോണി,സലിം തുടങ്ങിയ ചിലരും ചേര്‍ന്ന് മരിച്ചുപോയ ഞങ്ങളുടെ സുഹൃത്ത്‌ ബോബിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി അദ്ദേഹത്തിന്റെ ഒരു പദ്ധതി തുടര്‍ന്ന് നടപ്പാക്കിക്കൊണ്ടിരുന്നു. വെള്ളിയാഴ്ച ഉച്ചഭക്ഷണം ഒഴിവാക്കിക്കൊണ്ട്‌ ആ ഭക്ഷണം ഒരു പാവപ്പെട്ടവന്‌ നല്‍കുക എനതായിരുന്നു രീതി. ചിലപ്പോള്‍ ജില്ലാ ആശുപത്രിയിലാവും അതിന്റെ വിതരണം.
ഈ പതിവു തുടര്‍ന്നു വന്നീയുള്ളവന്‍ ഒരു ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ വീട്ടിലേക്കുള്ള ബസ്‌ കാത്ത്‌ കലൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു.അപ്പോള്‍ കണ്ണുകളില്‍ വ്ശപ്പിന്റെ വിളിയും പേറി ഒരു പയ്യന്‍ ഭിക്ഷ യാചിക്കുവാന്‍ മുന്നിലെത്തി.
എനിക്ക്‌ അന്നത്തെ ഭക്ഷണം നല്‍കുവാനൊരാളെ കിട്ടാതെ നില്ല്കുകയായിരുന്നു. ഈ പയ്യനെ ഞാന്‍ അടുത്തേയ്ക്ക്‌ വിളിച്ചു.നിനക്ക്‌ മലയാളം അറിയാമോ?അവന്‍ ഉവ്വെന്ന് തലയാട്ടി. എങ്കില്‍ ഞാന്‍ നിനക്ക്‌ ഭിക്ഷ തരില്ല. പകരം ചോറു വാങ്ങിത്തരട്ടെ, ഉണ്ണാമോ?എന്നു ചോദിച്ചു.

അവന്‍ വിശ്വാസമില്ലാത്ത മട്ടിലും ഒരു മാതിരി പകച്ച മുഖത്തോടും കൂടി എന്നെ തുറിച്ച്‌ നോക്കി പിറകോട്ട്‌ നടന്നു. ഞാന്‍ അവനെ അടുത്ത ഹോട്ടല്‍ ചൂണ്ടിക്കാട്ടി. അഭിരാമി ഹോട്ടല്‍.

ആ പയ്യന്‍ ഒട്ടും വിശ്വാസമില്ലാതെ എന്റെ കൂടെ ഉണ്ണുവാന്‍ കയറി. ഞാന്‍ ഉണ്ണുന്നില്ല എന്നറിഞ്ഞപ്പോള്‍ അവന്‍ എന്തോ അസ്വസ്ഥനായോ? അറിയില്ല. ഏതായലും ഹോട്ടല്‍ ഉടമ അസ്വസ്ഥനായി. ഇവനെയൊക്കെ എവിടുന്നു കിട്ടി എന്ന മട്ടില്‍ ഒരു നോട്ടത്തില്‍ അദ്ദേഹം അമര്‍ഷം ഒതുക്കിയത്‌ ഭാഗ്യം.

ഭക്ഷണം ആര്‍ത്തിയോടെ വാരിക്കഴിച്ച പയ്യന്‍, അടുത്തിരുന്നയാളിന്റെ കൂടി പ്ലേറ്റ്‌ എടുത്ത്‌ അടുക്കളഭാഗത്തേക്ക്‌ നടന്നപ്പോള്‍ സപ്പ്ലയര്‍ തടഞ്ഞു. അതൊക്കെ ഞങ്ങടെ പണീ, മോന്‍ പോയി കൈ കഴുക്‌...എന്ന് ആ വൃദ്ധന്‍ സ്നേഹം പ്രകടിപ്പിച്ചു,കൈ കഴുകി യ പയ്യന്‍ അവിടെ കുനിഞ്ഞിരുന്നു. എനിക്കവനെ എഴുന്നേല്‍പിക്കണമെന്നുണ്ടായിരുന്നു, എന്നാല്‍ അവന്‍ എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല. അവന്‍ കരയുകയായിരുന്നു. "അവന്‍ പൊയ്കോളും, സാറ്‌ പൊക്കോ"എന്നായി മാനേജര്‍.എനിക്കുള്ള ബസ്‌ പാര്‍ക്ക്‌ ചെയ്തു കഴിഞ്ഞിരുന്നു. പണവും നല്‍കി ഞാന്‍ മാനേജരുടെ നിര്‍ദ്ദേശാനുസരണം പുറത്തിറങ്ങി.

പൊരി വെയിലത്ത്‌ പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടില്‍ എന്റെ ട്രങ്ക്‌ പോലുള്ള ഒരു ബാഗിന്റെ ഭാരവും താങ്ങി ഞാന്‍ ,മെല്ലെ നടന്നപ്പോള്‍ അതാ അവന്‍ ഓടി വരുന്നു. ടാര്‍ ചെയ്ത വഴിയുടെ ചൂട്‌ മറന്ന് അവന്‍ എന്റെ കാല്‍ച്ചുവട്ടിലേക്ക്‌ ഒറ്റ വീഴ്ച!"പുണ്യം കിട്ടും അണ്ണാ പുണ്യം കിട്ടും.."

മറ്റ്‌ എല്ലാ വികാരങ്ങള്‍ക്കും മേലെ ആ ഭക്ഷണത്തിന്റെ വില, മൂല്യം ഞാന്‍ ഇന്നും പേറുന്നു. അവനെ ഞാന്‍ നന്ദി പൂര്‍വ്വം സമരിക്കുന്നു.!

2. ചെന്നൈ റയില്‍ വേ സ്റ്റേഷന്‍. അവിടെ ബേക്കറികളില്‍ തല്‍സമയം നല്‍കുന്ന ലഘുഭക്ഷണങ്ങള്‍ കഴിച്ച്‌ യാത്രയ്ക്ക്‌ ഒരുങ്ങുന്നവരുടെ കൂട്ടത്തില്‍ ഞാനും ശ്രീജേഷ്‌ എന്ന എന്റെ സഹപ്രവര്‍ത്തകനും.
ബേക്കറിയില്‍ ഉള്ളത്‌ പഫ്സ്‌ എന്ന ഭക്ഷണവും, സമൂസയും,പിന്നെ അതു പോലെ പണം മുടക്കുള്ള ചില രുചിയേറിയ വിഭവങ്ങളും മാത്രം.

ഒരു പയ്യന്‍ ആ ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക്‌ നോക്കി ദുഖിതനായി അല്‍പനേരം ഇതികര്‍ത്തവ്യതാ മൂഡനായി നില്‍കുന്നത്‌ കണ്ടു,അവന്‍ ഭിക്ഷ തേടുകയാണ്‌ എന്ന വസ്തുത പോലും ഭക്ഷണപദാര്‍ത്ഥം കണ്ടപ്പോള്‍ അവന്‍ മറന്നുപോയി.

ഞെട്ടിയുണര്‍ന്ന് ഭിക്ഷാടനം തുടര്‍ന്ന അവന്‍ കൈയില്‍ ഭക്ഷണശകലങ്ങളൂമായി നടക്കുന്ന ധാരാളം യാത്രക്കാരുടെ അവഗണനയ്ക്ക്‌ പാത്രമായി. അവന്‍ കൈയില്‍ ഒന്നുമില്ലാതെ നില്‍ക്കുന്ന ബേക്കറി ബോയികളുടെ കൈകളിലേക്ക്‌ നോക്കി യാചന തുടര്‍ന്നു. അവരും നിസ്സഹായരായിരുന്നു. അവന്റെ കൈ എന്റെ നേര്‍ക്കും നീണ്ടു.

തമിഴ്‌ ചേര്‍ത്ത്‌ ഞാന്‍ നിനക്ക്‌ പഫ്സ്‌ വാങ്ങിത്തരട്ടെ എന്നു ചോദിച്ചു. അവന്‍ നിന്നില്ല ഒറ്റ ഓട്ടം. എവിടേക്ക്‌ എന്ന് നോക്കി എങ്കിലും കാണുവാന്‍ പറ്റിയില്ല, ഒരു തൂണിന്റെ മറയത്ത്‌ പോയിട്ട്‌ അല്‍പം സന്തോഷവാനായൈ അവന്‍ വീണ്ടും വന്ന് കൈ നീട്ടി.

കടയില്‍ നിന്ന് ഒരു പഫ്സും അതിനു നല്‍കുന്ന ടിഷ്യൂ പേപ്പറും കൂടി ഞാന്‍ എടുത്തു നല്‍കി. അവന്‍ എന്നെ നന്ദിപൂര്‍വ്വം ഒന്നു നോക്കി. എന്നിട്ട്‌ ഒന്നും മിണ്ടാതെ വീണ്ടും ഓടി.

പണം കൊടുത്തിട്ട്‌ അല്‍പം ആകാംക്ഷയോടെ അവനെ ഞാന്‍ ഒന്നു പാളി നോക്കി. അവിടെ തൂണില്‍ ചാരി ഒരു പരിക്ഷീണിതയായ സ്ത്രീ. തീര്‍ച്ച്യായും അത്‌ അവന്റെ അമ്മ ആയിരിക്കണം. ആ സ്ത്രീയ്ക്ക്‌ അവന്‍ ആ പഫ്സ്‌ മുറിച്ച്‌ വായില്‍ വച്ച്‌ നല്‍കുന്നു. ഇത്‌ ഭക്ഷണത്തിന്റെ സന്തോഷമായിരുന്നു. എന്റെ മനസ്സില്‍ ഒരു വല്ലാത്ത കുളിരായി ഈ സംഭവങ്ങള്‍ ഇന്നും പച്ച പിടിച്ച്‌ കിടക്കുന്നുണ്ട്‌ എങ്കില്‍ അതിനു കാരണം ഭക്ഷണത്തിന്റെ വില തിരിച്ചറിയുന്ന രണ്ട്‌ സംഭവങ്ങളാണ്‌ ഇവയെന്നതിനാലാണ്‌.

11 comments:

പാമരന്‍ said...

"ആ സ്ത്രീയ്ക്ക്‌ അവന്‍ ആ പഫ്സ്‌ മുറിച്ച്‌ വായില്‍ വച്ച്‌ നല്‍കുന്നു. "

ഛെ.. എന്‍റെ കണ്ണെന്താ ഇങ്ങനെ നനയുന്നത്‌?

ബാബുരാജ് ഭഗവതി said...

ചങ്ങാതി
ഭക്ഷണത്തിന്റെ വില ഏറ്റവും‌ കൂടുതല്‍‌ അറിയുന്ന കാലമാണിത്.
റേഷന്‍ ഷാപ്പുകളിലെ ക്യൂ ഏറ്റവും‌ കൂടിയ കാലവും‌.

അനില്‍ശ്രീ... said...

വിശക്കുന്നവനു കൊടുക്കുന്ന അന്നത്തിനേ വിലയുണ്ടാകൂ.. വീട്ടില്‍ വരുന്ന അര്‍ഹരായവര്‍ എന്ന് തോന്നുന്ന ഭിക്ഷക്കാര്‍ക്ക് ഭക്ഷണം കൊടുത്തിരുന്ന എന്റെ അമ്മയെ ഓര്‍ത്തു പോയി. നമ്മള്‍ കൊടുക്കുന്ന ഒരു രൂപാ തുട്ടിനേക്കാള്‍ നല്ലതാണ് ഒരു നേരത്തെ ഭക്ഷണം എന്ന് അമ്മ പറയുമായിരുന്നു.

അനില്‍ .താങ്കളുടെ നല്ല മനസ്സിനു എന്റെ നമസ്കാരം, ആ കുട്ടികള്‍ക്കും അമ്മക്കും വേണ്ടി ഒരു നന്ദി കൂടി. ഇനിയും അതു പോലെ വിശക്കുന്നവനെ ഊട്ടു‌മ്പോള്‍ ആ മനസ്സ് നിറയട്ടെ.. ആശംസകള്‍..

ഒ.ടോ..
മലയാളം കംമ്യൂണിറ്റി മുതല്‍ അനിലിനെ വായിക്കുന്നതിനാല്‍ നാട്ടില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കാം..

തണല്‍ said...

പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഭായി.
ആ അമ്മ എത്ര പുണ്യവതിയാവും..
അങ്ങനെ ഒരു മകനാവാന്‍ എനിക്കെന്തേ കഴിഞ്ഞില്ലാ..
ഒരു നൂറ് കവിത വായിച്ച സുഖം അനില്‍..നന്ദി.

കണ്ണൂരാന്‍ - KANNURAN said...

അനില്‍, ഇതു വായീച്ചതിനു ശേഷം എസ്.കെ.മോഹന്റെ ഈ ചിത്രം കണ്ടു. ഭക്ഷണത്തിന്റെ വില നേരിട്ടറിയാം, ആ ചിത്രം കണ്ടാല്‍. ആ ചിത്രം കണ്ടപ്പോള്‍ ഇവിടെ കമന്റിടാതെ പോകുന്നത് ശരിയല്ലെന്നു തോന്നി. ഈ രണ്ടു പോസ്റ്റുകളും പരസ്പര പൂരകങ്ങളാവുന്നു.

Dr.Biji Anie Thomas said...

ദാ എന്റെ നെഞ്ചു വിങ്ങുന്നു.. ലക്ഷ്യത്തിലെത്താനുള്ള യാത്രയില്‍ ചുറ്റുമുള്ള പാവങ്ങളെ കണ്ടില്ലെന്നുംകേട്ടില്ലെന്നും നടിച്ച് തള്ളീമാറ്റി ധൃതിയില്‍ പലപ്പോഴും ഓടീയിട്ടുള്ള ഞാന്‍..എന്റെ പിഴ, എന്റെ പിഴ.എനിക്ക് എന്നോടു തന്നെ ലജ്ജ തോന്നുന്നു.
അഭിനന്ദനങ്ങള്‍ അനില്‍.ദൈവം അനുഗ്രഹിക്കട്ടെ..

കാസിം തങ്ങള്‍ said...

അനില്‍, വളരെ വൈകി ഈ പോസ്റ്റ് കാണാന്‍. ഒന്നും പറയാനില്ല, വല്ലാത്തൊരു നിര്‍വൃതി. കണ്ണുകള്‍ നിറയുന്നു. താങ്കളുടെ നന്‍മ നിറഞ്ഞ മനസ്സിന്‌ നന്ദി. മറ്റുള്ളവരുടെ വേദനകള്‍ തിരിച്ചറിയാന്‍ കഴിയുന്ന മനസ്സ് വല്ലാത്ത പുണ്യം തന്നെയാണ്‌ സുഹൃത്തെ

അഹങ്കാരി... said...

പലരേയും ഈ അവസ്ഥയില്‍ കാണുമ്പോള്‍ , സമൂഹറത്തിന്റെ അവജ്ഞയെ ഭയന്ന് അവര്‍ക്ക് നാണയത്തുട്ടുകള്‍ നല്‍കുന്ന എന്നെ ഈ പോസ്റ്റ് എത്ര മുറിവേല്‍പ്പിച്ചു എന്നതിനു എന്റെ കണ്ണുകളില്‍ നിന്നുതിര്‍ന്ന കണ്ണ്ണു നീര്‍ മാത്രം സാക്ഷി.

ഞാന്‍ ഇതു പറയുന്നതെത്ര ആത്മാര്‍ഥത്യോടെയാണെന്ന്ന്‍ പറയാന്‍ പോലും എനിക്കാകില്ല...

താ‍ങ്കള്‍ക്ക് നന്മ വരുമെന്നല്ലാതെ ഞാനെന്തു പറയാന്‍!!!

അടുത്ത ജന്മമെന്ന്കിലും എനിക്ക് താങ്കളെപ്പോലൊരാളാകാന്‍ (ഇതൊര്രു പുകഴ്തലല്ല) കഴിയട്ടെ എന്നു പ്രാര്‍ഥിക്കാനും

Rani Ajay said...

വിശക്കുനവന് ഒരു നേരതൈ ആഹാരം, അതില്‍ വലിയ പുണ്യം ഒന്നുമില്ല .... ഈ ബ്ലോഗ് നേരതൈ കാണാഞ്ഞതില്‍ വിഷമം തോന്നുന്നു ... അനില്‍ ചേട്ടന് എല്ലാ ആശംസകളും ...

vaachalan വാചാലന്‍ said...

ആ ദുര്‍ഗമ മാര്‍ഗം( മതവിശ്വാസി ചരിക്കേണ്ട) എന്തെന്നറിയുമോ “ അടിമയെ മോചിപ്പിക്കലാണത്, അല്ലെങ്കില്‍ ക്ഷാമകാലത്ത് ഭക്ഷണം നല്‍കലാണ്,അല്ലെങ്കില്‍ അടുത്ത അനാധയെ സംരക്ഷിക്കലാണ്, അല്ലെങ്കില്‍ പൊടിപുരണ്ട അഗതിയെ...(ഖുര്‍‌ആന്‍)
ഈ ഖുര്‍‌ആന്‍ സൂക്തം മനസിലേക്ക് ഓടിവന്നു..
എഴുതാതിരിക്കാനും കഴിഞ്ഞില്ല

Suresh said...

ഈ പുക ശ്വസിച്ച്‌ ചുമച്ചും വലിച്ചും ജീവിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളെയെങ്കിലും നമുക്ക്‌ ഓര്‍ക്കണ്ടേ?സ്കൂളുകളില്‍ പല ദിവസങ്ങളീലും ക്ലാസുകള്‍ നടന്നില്ല. കുട്ടികള്‍ പല ദിവസങ്ങളീലും ചുമയും പനിയും ബാധിച്ച്‌ ചികിത്സയിലാണ്‌.ഉയര്‍ന്ന പ്രദേശമായതു കൊണ്ട്‌ മലിനജലം താഴേക്ക്‌ ഒഴുകി വരുന്നു. ഇതു വന്നു വീഴുന്നതാവട്ടെ മീനച്ചിലാറ്റിലും. ഇവിടെ നിന്നുമാണ്‌ വടവാതൂര്‍ ഗ്രാമപഞ്ചായത്തിന്റെ ശുദ്ധജല വിതരണം നടത്തുന്നത്‌!വടവാതൂര്‍ മില്‍മ പ്ലാന്റ്ലെ ജലവും മലിനം തന്നെ. ഇവിടുന്ന് എവിടെല്ലാമാണ്‌ പാല്‍ വിതരണം നടക്കുന്നത്‌..

ഭീകരം ............അതെ ....അത് തന്നെയല്ലേ ശരിയായ വാക്ക് ...............